Friday, July 17, 2009

ഞാനും എന്റെ ഏട്ടനും

എഴുതുന്ന എല്ലാ പോസ്റ്റിലും ഉള്ള ഒരു വില്ലന്‍ കഥാപാത്രം ആയിട്ടാണ് എല്ലാവര്ക്കും മുന്നില്‍ ഏട്ടനെ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് . ഏട്ടന്‍ എപ്പോളും എന്റെ ജീവിതത്തില്‍ ഒരു വില്ലന്‍ തന്നെ ആണ് . ഞാന്‍ എന്റെ സഹോദരങ്ങളില്‍ എല്ലാവരിലും ഏറ്റവും അധികം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന വില്ലന്‍.

ഏട്ടന്‍ എന്റെ നേരെ മൂത്ത ആളാണ്.. എട്ടു വര്‍ഷത്തോളം വീട്ടിലെ ഇളയ സന്താനം ആയി വാണു സുഖിച്ചു കഴിയുന്ന ടൈമില്‍ ആണ് ഞാന്‍ ഉണ്ടാകുന്നത്.. സ്വാഭാവികം ആയും ഒരു സ്ഥാന നഷ്ടം ഉണ്ടായി. പെട്ടന്ന് എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചെറിയ കുട്ടിയും ഏട്ടന്‍ മുതിര്ന്ന കുട്ടിയും ആയി.എല്ലാരുടെയും ശ്രദ്ധ എന്നിലേക്ക്‌ ആയി.

ബാക്കി സഹോദരങ്ങള്‍ കാട്ടാതിരുന്ന ദു:ഖം അമ്മ ഏട്ടനില്‍ കണ്ടു. അങ്ങനെ ഒരു ദു:ഖം ഏട്ടന് ഉണ്ടാകാതിരിക്കാന്‍ അമ്മ എന്നെ വളര്‍ത്തുന്ന ജോലി ഏട്ടനെ ഏല്പിച്ചു. എപ്പോളും ന്റെ എല്ലാ കാര്യങ്ങളും ഏട്ടന്‍ ചെയ്തു തുടങ്ങി. എന്നെ കണ്ണ് എഴുതിക്കുന്നതും പൌഡര്‍ ഇടിക്കുന്നതും എല്ലാം ഏട്ടന്റെ ജോലി . അങ്ങനെ ഏട്ടന്‍ എല്ലാരെക്കാളും അധികം എന്നെ സ്നേഹിക്കാന്‍ തുടങ്ങി. ഞാന്‍ കരയുന്ന ശബ്ദം എവിടെ നിന്നെകിലും കേട്ടാല്‍ ആദ്യം ഓടി എത്തുന്നത് എന്റെ ഈ ഏട്ടന്‍ ആയിരിക്കും. അങ്ങനെ എവിടെ നിന്നോ ഏട്ടന് എന്റെ എല്ലാ കാര്യങ്ങളിലും അച്ഛനും അമ്മയും പോലും കാണിക്കാത്ത ഒരു അധികാരം ഉണ്ടായി.

എനിക്ക് ഒരു അസുഖം വന്നാല്‍ എല്ലാവരെക്കാളും അധികം ദുഖിക്കുന്നത് ഏട്ടന്‍ ആണ്. രാത്രിയില്‍ ഒക്കെ ഇടക്ക് ഏട്ടന്‍ എണീറ്റ്‌ വന്നു നോക്കും. എനിക്ക് രണ്ടു മൂന്നു വയസു ആയപ്പോള്‍ ഏട്ടന്‍ എന്നെ ഏട്ടെന്റെ കൂടെ കിടത്തി ഉറക്കണം . ഞാന്‍ അമ്മേടെ കൂടെ അല്ലാതെ കിടക്കില്ല. അമ്മ എന്നെ ഉറക്കിയിട്ട് ഏട്ടനെ വിളിച്ചു എന്റെ കൂടെ കിടത്തും . ഉറങ്ങി കിടക്കുന്ന എന്നെ നോക്കി ഞാന്‍ എപ്പോ ഉണരും എന്ന ആലോചന കാരണം മിക്കപ്പോളും ഏട്ടന്‍ ഉറങ്ങില്ല. കണ്ണ് വലിച്ചു തുറന്നു പിടിച്ചിരിക്കും .. ഇങ്ങനെ ഒക്കെ ചെയ്തു തരുന്ന ഈ ഏട്ടനെ എനിക്ക് കുഞ്ഞിലെ ഇഷ്ടം അല്ല . എനിക്ക് അമ്മ തന്നെ വേണം . ഉറങ്ങി എണീക്കുമ്പോ അമ്മയെ കണ്ടില്ലെങ്കില്‍ ഞാന്‍ കരയും.

പിന്നെ എപ്പോളോ ഒരു പ്രായത്തിന്റെ അന്തരം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി . അങ്ങനെ പതിയെ പതിയെ ഏട്ടനും ബാക്കി ഏല്ലാവരും ഒരു ഗ്രൂപ്പും ഞാന്‍ മാത്രം അച്ഛന്റെയും അമ്മേടേം ഗ്രൂപ്പും. അതായത് ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ . അവരുടെ കൂടെ നടന്നു അവര്‍ക്കിടയിലെ രഹസ്യങ്ങള്‍് ചോര്‍ത്തല്‍. അവര്‍ക്ക് ഭയങ്കര പാര.


പിന്നെ കുറച്ചു കൂടി വലുതായപ്പോള്‍ ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന സ്വഭാവം ആയി. എല്ലാവരോടും പോയി പോര് കുത്തും.ആദ്യത്തെ അടി തുടങ്ങുന്നത് ഞാന്‍ ആയിരിക്കും.അടി കൊടുത്തിട്ട് ഏട്ടന് നന്നായി ഏറ്റു എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ ഒച്ചയില്‍ കിടന്നു നിലവിളിക്കും . കരച്ചില്‍ കേട്ടു അമ്മ എത്തുമ്പോള്‍് കാണുന്നത് എന്നെ തല്ലാന്‍ കൈ ഓങ്ങി നില്ക്കുന്ന ഏട്ടന്‍.. പിന്നെ എന്തെങ്കിലും വേണോ? അമ്മയുടെ കയ്യില്‍ നിന്നും ഏട്ടന് ബാക്കി കിട്ടും. അമ്മ എന്നെ എടുത്തു കൊണ്ടു പോകുമ്പോള്‍ അമ്മേടെ തോളിലിരുന്നു ഏട്ടനെ ഒച്ച വെക്കാതെ ചിരിച്ചു കാട്ടും. അങ്ങനെ നിരപരാധി ആയ ഏട്ടന് എപ്പോളും ശകാരം. പിന്നെ ഏട്ടനും ഞാനും ആയുള്ള വഴക്കുകള്‍ക്ക് ആരും സാക്ഷികള്‍ ഉണ്ടാകില്ല. ആരും അതിന് മുതിരാറില്ല. സാക്ഷി പറയ്യാന്‍ വന്നാല്‍ ഞാന്‍ കരഞ്ഞു അവരെ കൂടി പ്രതി കൂട്ടില്‍ നിര്‍ത്തും. പിന്നെ അമ്മ ആയിരിക്കില്ല ശിക്ഷാവിധി നടപ്പാക്കുന്നത്. അച്ഛന്‍ വന്നാല്‍ എല്ലാവര്ക്കും കിട്ടും. ചിലപ്പോള്‍ ഏട്ടന്‍ ഞാന്‍ കാറുന്നതിനു മുന്നേ ഒരെണ്ണം തരും അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ കരയാതെ ആരെയം കാണാതെ മുങ്ങും. പക്ഷെ എന്നെ തല്ലാനുള്ള ചാന്‍സ് ഏട്ടന് കിട്ടുക പ്രയാസം ആണ്.

ഇങ്ങനെ ഒക്കെ ആണെങ്കിലും വലിയ റിസ്ക്‌ ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോ ഏട്ടന് ഒരു കൈ സഹായം ഞാന്‍ മത്രം ആണ്.അതായതു ഏട്ടന് പേര്‍സണല്‍ ആയി എന്തെങ്കിലും കള്ളത്തരം ചെയ്യണമെങ്കില്‍ ഏട്ടന്‍ അത് എന്നെ മത്രമേ അറിയിക്കൂ. ഞാന്‍ അത് രഹസ്യം ആയി തന്നെ സൂക്ഷിക്കും. എനിക്ക് ഒരു പാര വരുന്നതു വരെ.

അങ്ങനെ ഇരിക്കെ ഓണത്തിന്റെ ഒരു അവധി ദിവസം ഏട്ടന്റെ കൂടെ പഠിക്കുന്ന മനോജേട്ടന്‍ (പേരു ഒര്‍ജിനല്‍ അല്ല)ഏട്ടനേ അവിടെ അപ്പുറത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കുവാന്‍ വിളിച്ചു. പക്ഷെ അച്ഛന്‍ അറിഞ്ഞാല്‍ അത് ഭയങ്കര പ്രശനം ആണ് അച്ചന് ചില കൂട്ട് കെട്ടുകള്‍ ഇഷ്ടം അല്ല .അതില്‍ ഒന്നാണ് ഈ മനോജേട്ടന്‍ . പത്താം ക്ലാസ്സ്‌ എത്തിയപ്പോലേക്ക് പത്ത് പതിനഞ്ചു തവണ ഒളിച്ചോടിയ മഹാന്‍ ആണ് ഈ മനോജേട്ടന്‍.ഒളിച്ചോടി പോയ മനോജേട്ടനെ കണ്ടു പിടിക്കാന്‍ അച്ഛനും കുറെ ഓടിയിട്ടൂളളതാണ് . അതുകൊണ്ട് അച്ഛന്റെ അനുവാദത്തോടെ നീന്തല്‍ പഠിത്തം നടക്കില്ല. അച്ഛന്‍ ഇല്ലാത്ത സമയത്തു വേണം പോകാന്‍.

ഏട്ടന്‍ എന്നോട് വിവരം പറഞ്ഞു. അച്ചന് ആ അടുത്തെങ്ങാന്‍ ലോങ്ങ്‌ ട്രിപ്പ്‌ ഉണ്ടോ എന്നറിയണം. അതായതു മനോജേട്ടന്‍ പറഞ്ഞതു വെച്ചു ഒരു അഞ്ചു മണിക്കൂര്‍ നന്നായി ശ്രമിച്ചാല്‍ നീന്തല്‍ പഠിക്കാം എന്നാണ്. അഞ്ചു മണിക്കൂര്‍ നേരം അച്ഛന്‍ വീട്ടില്‍ നിന്നു മാറി നില്‍ക്കണം. അച്ഛന്‍ അഞ്ചു മണിക്കൂര്‍ നേരം വീട്ടില്‍ നിന്നു മാറിനില്‍്ക്കുമോ എന്ന് ഡയറക്റ്റ് ചോദിയ്ക്കാന്‍ ആകെ മനക്കരുത്ത് ഉള്ളത് എനിക്ക് മാത്രമാണ് . വേറെ ഏത് മക്കള്‍ പോയി അച്ഛനോട് ഈ ചോദ്യം ചോദിച്ചാലും അച്ചന് സംശയം മണക്കും .
"എന്റെ അച്ഛന്‍ ആരാ മോന്‍?"

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അച്ഛന്‍ അഞ്ചു മണിക്കൂര്‍ മാറി നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അത് കൊണ്ടു ഈ ചോദ്യം അച്ഛനോട് ചോദിക്കാന്‍് എന്നെ ഏല്‍പ്പിച്ചു. ഏട്ടന്‍ തന്നെ ചോദ്യം പറഞ്ഞു തന്നു അച്ഛന്‍ ഈ ആഴ്ച ദൂരെ എവിടെ എങ്കിലും പോകുമോ ? പോകുമ്പോ എന്നെ കൊണ്ടു പോകുമോ? . ഈ ചോദ്യത്തില്‍ എന്തായാലും ഒരു സംശയവും അച്ചന് തോന്നില്ല . കാരണം അച്ഛന്‍ എവിടെ പോയാലും എന്നെ കൊണ്ടു പോകുമോ എന്ന് ഞാന്‍ ചോദിക്കുന്നതാണ് .

അന്ന് രാത്രി അച്ഛന്‍ അത്താഴം കഴിഞ്ഞു ഉമ്മറത്ത്‌ ചാര് കസേരയില്‍ ഇരുന്നു കാറ്റു കൊള്ളുന്ന നേരം ഏട്ടന്‍ അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടു . സാധാരണ ഈ സമയത്ത് ഞാനും അച്ഛന്റെ കൂടെ ആ ചാര് കസേരയില്‍ ഇരിക്കും. ഞാന്‍ ഉമ്മറത്ത്‌ എത്തിയപ്പോ അച്ഛന്‍ എന്നെ വിളിച്ചു മടിയിലിരുത്തി പതിവു പോലെ. ഈ സമയം അച്ഛനും എനിക്കും മാത്രം ഉള്ളതാണ് . അച്ഛനോട് എനിക്ക് വലിയ വലിയ സംശയങ്ങള്‍ ചോദിക്കാനും അച്ഛന്റെ കുട്ടികാലത്തെ കഥ പറഞ്ഞു തരാനും അച്ഛന്റെ മീശയില്‍ പിടിച്ചു വെള്ള കളറില്‍ ഉള്ളത് പറിച്ചെടുക്കനും അറബിക്കഥയിലെ രാജാ കുമാരന്‍ പറന്നു പോയ കഥ പറയാനും മാത്രം ഉള്ള സമയം . ഏട്ടന്‍ വാതിലിന്റെ പുറകില്‍ ഞങ്ങളുടെ സംഭാഷണം കെട്ട് ചെവി കൂര്‍പ്പിച്ചു നിന്നു. ഇടക്ക് അവസരം നോക്കി ഞാന്‍ അച്ഛനോട് ഏട്ടന്‍ പറഞ്ഞ ചോദ്യം ചോദിച്ചു. അച്ഛന്‍ അടുത്ത ദിവസം തന്നെ ഏതോ ഒരു വസ്തു നോക്കാന്‍ അമ്മാവന്റെ കൂടെ പോകുന്നുണ്ട്. ഒത്തിരി ദൂരെ ആണ് പോകുന്നത്. രാവിലെ പത്തു ഒക്കെ ആകുമ്പോ പോയി രാത്രി ഇരുട്ടിയിട്ടേ തിരിചെത്തു .
അത് കൊണ്ടു എന്നെ കൊണ്ടു പോകാന്‍ പറ്റത്തില്ല .

വിവരം അറിഞ്ഞു ഞാന്‍ സൂത്രതില്‍ അച്ഛന്റെ അടുത്ത് നിന്നു വലിഞ്ഞു. ഏട്ടന്റെ അടുത്തേക്ക് ഓടി. പുറകു വശത്തെ തിണ്ണയില്‍ ഞങ്ങളെ കണ്ട ചേച്ചി ചോദിച്ചു എന്താ രണ്ടു കൂടി പാതിരയ്ക്ക് തല്ലു കൂടാന്‍ വേണ്ടി നില്‍ക്കുകയാനോന്നു .ഞങ്ങള്‍ ഒന്നും മിണ്ടാതെ നേരം വെളുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു പോയി കിടന്നു. ഏട്ടന്‍ നീന്തല്‍ പഠിക്കാന്‍ പോകുമ്പോ എന്നെ കൂടി കൊണ്ടു പോകാം എന്ന് പറഞ്ഞ വാക്കിലാണ് ഞാന്‍ മയങ്ങി ഇരിക്കുന്നത്. അങ്ങനെ അച്ഛന്‍ പോയ പുറകെ ഏട്ടന്‍ എന്നെയും കൂട്ടി കുളത്തിന്റെ അങ്ങോട്ട് വന്നു. മനോജേട്ടനും അവിടെ ഉണ്ട്. നല്ല ആഴം ഉള്ള കുളം ആണ്. നീന്തല്‍ അറിയാവുന്ന ആരും കൂടെ ഇല്ല താനും ,അതുകൊണ്ട് ഏട്ടന്റെ കയ്യില്‍ ഒരു കയര്‍ ഉണ്ട്. അത് ഏട്ടന്റെ വയറില്‍ കെട്ടി അതിന്റെ തുമ്പ് എന്നെ ഏല്പിച്ചു. ഏട്ടന്‍ മുങ്ങി എന്ന് പറയുമ്പോ പൊക്കാന്‍് വേണ്ടി ആണ് എന്നെ കയറു തന്നു നിര്‍ത്തിയിരിക്കുന്നത്.. ഏട്ടന്‍ മുങ്ങി എന്ന് പറയുമ്പോളും ഏട്ടന്‍ മുങ്ങി എന്ന് എനിക്ക് തോന്നുമ്പോഴും ഒക്കെ ഞാന്‍ കയറില്‍ പിടിച്ചു പൊക്കി കൊണ്ടിരുന്നു.

പക്ഷെ പോയ വഴിക്ക് ബ്രോകെര്‍ക്ക് എന്തോ അസൌകര്യം . അത് കാരണം അച്ഛന്‍ തിരിച്ചു വീട്ടിലേക്ക് വന്നു.ഞങ്ങളെ കുറെ നേരം കാണാതായപ്പോള്‍ , ഞങ്ങളെ അന്വേഷിച്ചു . അമ്മ പറഞ്ഞു ഒരു കയറും ആയി രണ്ടും കൂടി പോണത് കണ്ടു എന്ന്. അച്ഛന്‍ ഒന്നും പറയാതെ അവിടെ കണ്ട ഏതോ ഒരു മരത്തിന്റെ നല്ലൊരു കൊമ്പ് ഒടിച്ചു കൊണ്ടു ഞങ്ങളെ അന്വേഷിച്ചു വന്നു. മുങ്ങി കൊണ്ടിരിക്കുന്ന ഏട്ടനെ പൊക്കുന്ന ഞാന്‍ അച്ഛന്റെ വരവ് കണ്ടു. കയര്‍ അവിടെ ഇട്ടിട്ടു "അയ്യോ അച്ഛന്‍ വന്നെ" എന്ന് കൂവി ജീവനും കൊണ്ടു ഓടി.


അച്ഛന്‍ വന്നു ഏട്ടന്റെ കയറില്‍ പിടിച്ചു പൊക്കി കരക്ക്‌ കേറ്റി. പിന്നെ കയ്യില്‍ ഇരുന്ന വടിക്ക് നല്ലത് വീട് വരെ കൊടുത്തു കൊണ്ടു വന്നു. വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ വീണ്ടും അമ്മമെടെ മുറിയില്‍ കയറി. അച്ഛന്‍ വന്നു എന്നെ വിളിച്ചു എനിക്കും തന്നു മൂന്നു നാല് പിട . പിടിച്ചിരുന്ന കയറു എറിഞ്ഞിട്ടു ഓടിയതിനാണ് എനിക്ക് കിട്ടിയത്.
ഏട്ടന് ആകെ സങ്കടം ആയി . ഏട്ടന്‍ വീട്ടില്‍ വരാതെ നേരെ പുറകിലത്തെ തൊടിയില്‍ പോയി കിടന്നു . അച്ഛന്‍ കുറച്ചു കഴിഞ്ഞു അമ്മയോട് ഏട്ടന്‍ എവിടെ എന്ന് അന്വേഷിച്ചു. അപ്പുറത്തെ തൊടിയില്‍ ഇരിപ്പുണ്ട് ,അവന്റെ തുട പൊട്ടി എന്നാ തോന്നണത് ഇങ്ങനെ ആണോ മക്കളെ തല്ലണത് . അമ്മേടെ വക ചോദ്യം . അച്ഛന്‍ ഒന്നും മിണ്ടാതെ അവിടെ ഇരുന്ന എണ്ണ കുപ്പിയും ആയി പറമ്പിലേക്ക്‌ പോയി. പുറകെ ഞാനും പോയി. അച്ഛന്‍ ഏട്ടന് തല്ലുകൊണ്ട ഭാഗത്തെല്ലാം എണ്ണ തൂത്ത് തടവി, ഉപ്പിട്ട ചൂടു വെള്ളത്തില്‍ കാലും കഴുകി കൊടുത്തു. (അതാണ്‌ ഞങ്ങളുടെ അച്ഛന്‍ -എന്റെ ചക്കര അച്ഛന്‍ ).

പിറ്റേന്ന് രാവിലെ അച്ഛന്‍ ഏട്ടനേയും കൊണ്ടു നീന്തല്‍ പഠിപ്പിക്കാന്‍ പോയി. രണ്ടു ദിവസം കൊണ്ടു ഏട്ടന്‍ നീന്തല്‍ പഠിച്ചു.

27 comments:

  1. very lovely !!!touched the heart !

    ReplyDelete
  2. മനോഹരമായ എഴുത്ത്.

    ReplyDelete
  3. baghyavathy engane oru ettaneyum achaneyum kittiyallo!

    ReplyDelete
  4. മുങ്ങി കൊണ്ടിരിക്കുന്ന ഏട്ടനെ പൊക്കുന്ന ഞാന്‍ അച്ഛന്റെ വരവ് കണ്ടു. കയര്‍ അവിടെ ഇട്ടിട്ടു "അയ്യോ അച്ഛന്‍ വന്നെ" എന്ന് കൂവി ജീവനും കൊണ്ടു ഓടി.

    ഹും നല്ല അനിയത്തി... രസകരമായി വിവരിച്ചിരിക്കുന്നു

    ഇഷ്ടപ്പെട്ടു

    ReplyDelete
  5. ആ സംഭവങ്ങളെല്ലാം മനസ്സില്‍ സങ്കല്‍പ്പിയ്ക്കാന്‍ കഴിയുന്നു. നല്ല ഏട്ടനും പെങ്ങളും.
    :)

    ReplyDelete
  6. എന്താ... പെട്ടെന്നു നിറുത്തിയത്...?

    ReplyDelete
  7. ആളൊരു കാന്താരി ആണല്ലെ...?
    തല്ലു കൊള്ളിക്കാനായി ഒരു പാവം ഏട്ടനും...!!

    ReplyDelete
  8. ലോകത്തുള്ള എല്ലാ എട്ടന്മാരും ഇങ്ങനെ തല്ലു കൊണ്‍ടിട്ടുണ്ടാകും...പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ മനസ്സിലെക്കു വന്നു... നന്നായിട്ടുണ്ട്....ആശംസകള്‍...

    ReplyDelete
  9. ഹി..ഹി..ഏട്ടന്റേം അനിയത്തീന്റേം വികൃതികള്‍ രസായി വായിച്ചു..:)

    ReplyDelete
  10. ന്റെ പാറൂട്ടിയെ, ഇജ്ജ് ന്റെ കഥ പറഞ്ഞപോലെ തോന്നണു, അനിയത്തിക്ക് പകരം അനിയൻ ആണെന്ന് മാത്രം, പിന്നെ എണ്ണേം തടവും ഒന്നും കിട്ടിയില്ല അടിമാത്രം........, ഇന്നും ഞാൻ ആഗ്രഹിക്കുന്നു ന്റെ അച്ഛൻ ന്നെ ഒന്നു തല്ലിയിരുന്നെങ്കിൽ.. ആ ബാല്ല്യത്തിലേയ്ക്ക് ഓടി ഒളിക്കാമായിരുന്നു എന്ന്

    ReplyDelete
  11. പാറൂട്ടി;

    അങ്ങ് അമേരിക്കായിൽ ഇരുന്നിട്ട് വീട്ടിലുള്ളവരെ കാണാണ്ട് വിഷമമാകുന്നില്ലേ..
    എല്ലാരെയും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ..

    ReplyDelete
  12. ചേട്ടനും അനിയത്തിയും പണ്ടേ പുലികളാണല്ലേ?

    ReplyDelete
  13. എവിടെയോ കൊള്ളുന്ന ഓർമ്മകളിലേക്കു വലിച്ചുകൊണ്ടു പോയി.

    ReplyDelete
  14. സുന്ദരമായ എഴുത്ത്....
    അച്ഛനെയും ഏട്ടനേയും ഒക്കെ കണ്മുന്നില്‍ കാണുന്നത് പോലെ

    ReplyDelete
  15. ഹി ഹി .. നന്നായിരിക്കുന്നു ... എന്നെ അച്ഛന്‍ അങ്ങനെ തല്ലിയിട്ടില്ല .. ബട്ട്‌ തല്ലു തരുമ്പോ ഹോള്‍ സെയില്‍ ആയിട്ടാ തരിക ..
    അത് കഴിഞ്ഞു ഈ പറഞ്ഞ മാതിരി ഒരു സ്നേഹ പ്രകടനവും :-)

    ReplyDelete
  16. അങ്ങനെ ഏട്ടന്‍ നീന്തലും പഠിച്ചു... എന്തായാലും കൊള്ളാം വിവരണം നന്നായിട്ടുണ്ട്... എപ്പോഴത്തെയും പോലെ...

    Still in SA or returned?

    ReplyDelete
  17. നല്ല കഥ എല്ലാ ഏട്ടന്‍മാരുടെയും (ഞാന്‍ അടക്കം)ഗതി ഇതൊക്കെത്തന്നെ ....
    നന്നായി എഴുതി...
    ആശംസകള്‍..

    ReplyDelete
  18. എപ്പഴും ഒരു ഏട്ടൻ role ഉള്ള എനിക്കിതു വളരെ ഇഷ്ടപ്പെട്ടു. എന്തൊക്കെയോ ഓർമ്മിപ്പിച്ചു... നല്ല എഴുത്ത്‌...

    ReplyDelete
  19. kollaam nalla rasam undu vayikaan

    ReplyDelete
  20. എനിക്കും ഒരനിയത്തിയാണ്...ഈ ഏട്ടന്മാരുടെയും അനിയത്തിമാരുടെയും ഒക്കെ കാര്യം ഇത് തന്നെ..വളരെ ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  21. നല്ല അനിയത്തി.......

    ReplyDelete
  22. എന്റെ പാറേച്ച്യേ പാലക്കാട് എന്ന് ശരിക്ക് എഴുതിക്കൂടെ?
    എഴുത്ത് ഉഷാര്‍ ആയിട്ടുണ്ട്...

    ReplyDelete
  23. വളരെ നന്നായിറ്റുണ്ട്, ശരിക്കും എന്റെ അനിയത്തി പറയുന്നപോലെ തോന്നി.
    പിന്നെ ഹൃദയത്തിൽ തട്ടുന്ന കുറേ ഓർമ്മകളും…
    കാരണം ഞാനും ഒരു ഏട്ടനാണു, “വല്യേട്ടൻ”. വീട്ടിൽ അനിയത്തിയുടെയും കുടുംബത്തിൽ പതിനൊന്ന് പിള്ളാരുടെയും വല്യേട്ടൻ…

    ReplyDelete
  24. ഈ ഏട്ടന്റയും പെങ്ങളുടെയും കഥ ഇഷ്ടായി. I love my ഏട്ടൻ

    ReplyDelete